തിരുവനന്തപുരം : തിരുവനന്തപുരം പുത്തളത്ത് വീടിന് നേരെ ലഹരി മാഫിയ സംഘത്തിൻ്റെ അക്രമം. അശ്വന്തിൻ്റെ വീടിന് നേരെയാണ് അക്രമം ഉണ്ടായത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും ഓട്ടോറിക്ഷയും അക്രമി സംഘം തകർത്തു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ലഹരി മാഫിയ ഗുണ്ടാ സംഘം വീടിന് നേരെ അക്രമം അഴിച്ചു വിട്ടത്.
പുലർച്ചെ 3 മണിയോടെയാണ് അക്രമി സംഘം കോവളം പുത്തളത്തെ അശ്വന്തിൻ്റെ വീടിന് നേരെ അക്രമം നടത്തിയത്. വീട്ടിലെത്തിയ നാലംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും, ഓട്ടോയും തകർക്കുകയും ചെയ്തു. അശ്വന്തിൻ്റെ പിതാവ് രാജശേഖരൻ്റെ ഓട്ടോയാണ് അക്രമി സംഘം തകർത്തത്. ഭിന്നശേഷിക്കാരനാണ് അശ്വന്തിൻ്റെ പിതാവ് രാജശേഖൻ.
ആക്രമണത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന 35,000 രൂപയും സംഘം കവർന്നു.സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു