വയനാട്: കേരളത്തിലും ദക്ഷിണ കർണാടകത്തിലും വൻതോതിൽ രാസലഹരി വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ മുൻ എൻജിനീയറെ ഡൽഹിയിൽനിന്ന് വയനാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) ആണ് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ 'ഡ്രോപ്പെഷ്', 'ഒറ്റൻ' എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.(Drug Distribution, Kerala Police arrests former engineer, key link, from Delhi)
വയനാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും ഡൽഹി പൊലീസിന്റെ സഹായത്തോടെ ഡൽഹിയിലെ കാണ്‍പൂരിലെ രാജുപാർക്ക് എന്ന സ്ഥലത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാസലഹരി കേസിൽ വിചാരണ തടവിൽ കഴിയവേ, വിവാഹാവശ്യത്തിനെന്ന വ്യാജേന പത്ത് ദിവസത്തെ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നു.
2024 ജൂലൈയിൽ കാസർകോട് നിന്ന് 265.55 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പുല്ലൂർ പാറപ്പള്ളി വീട്ടിൽ കെ. മുഹമ്മദ് സാബിറിന് രാസലഹരി കൈമാറിയത് രവീഷ് കുമാറായിരുന്നു. ആറു മാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ 2025 ഫെബ്രുവരിയിലാണ് രവീഷ് കുമാറിനെ ആദ്യമായി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തിരുന്നു.
പിടിയിലായ രവീഷ് കുമാർ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളാണെന്ന് പൊലീസ് പറഞ്ഞു. മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. മാസങ്ങളോളം പ്രതിക്ക് പിന്നാലെ പോയ പൊലീസ് സംഘം ഇയാൾ ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്. ഏറെ സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.