കൊച്ചി : അമ്മൂമ്മയുടെ കാമുകൻ 14 വയസുകാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ അമ്മൂമ്മയും കാമുകനും ഒളിവിലാണ്. വിവരം പോലീസിൽ അറിയിച്ചാൽ തന്നെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. (Drug abuse of a teenager in Kochi)
ചികിത്സയിലൂടെയാണ് കുട്ടിയുടെ ലഹരി ഉപയോഗം മാറ്റിയെടുത്തത്. ഇപ്പോൾ കൗൺസിലിംഗ് നടത്തുകയാണ്. അമ്മൂമ്മ വീട്ടിൽ താമസിപ്പിച്ച കാമുകൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നിരന്തരം ലഹരി കൊടുക്കാൻ തുടങ്ങി. മർദ്ദിച്ചും കത്തി കഴുത്തിൽ വച്ചും കഞ്ചാവ് വലിപ്പിച്ചു.
ഇടയ്ക്ക് ഇയാളുടെ ആൺ, പെൺ സുഹൃത്തുക്കളും വീട്ടിൽ വന്ന് ലഹരി ഉപയോഗിക്കുമെന്ന് ആൺകുട്ടി പറഞ്ഞു. ലഹരി കടത്താനും തന്നെ ഉപയോഗിച്ചിരുന്നതായി കുട്ടി പറയുന്നു. സുഹൃത്തിൻ്റെ അമ്മയാണ് ഇക്കാര്യം കുട്ടിയുടെ അമ്മയെ അറിയിച്ചത്. തുടർന്ന് ഭീഷണി ഉണ്ടായിട്ടും സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.