
വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്തലാക്കില്ലെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) അരുൺ കുമാർ ചതുർവേദി ഉറപ്പു നൽകിയതായി ഷാഫി പറമ്പിൽ എം.പി. സമയ ക്രമീകരണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഗണിച്ച് ട്രെയിനുകൾക്ക് നിർത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ചതുർവേദിയുമായി ഡിവിഷൻ ഓഫിസിൽ നടന്ന കൂടി കാഴ്ചയിൽ മുക്കാളി റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് ഉറപ്പ് ലഭിച്ചതെന്ന് ഷാഫി പ്രസ്താവനയിൽ പറഞ്ഞു. (Shafi Parambil)
കോഴിക്കോട്-മംഗലാപുരം റൂട്ടിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്തു. ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിനെ സംബന്ധിച്ചും റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തെ കുറിച്ചും ചർച്ച ചെയ്തു. സേലം ഡിവിഷൻ അധികാരികളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യങ്ങളിൽ അനുകൂലമായ തീരുമാനം എടുക്കുന്നതിന് പരിശ്രമിക്കാമെന്ന് ഡി.ആർ.എം ഉറപ്പ് നൽകി.