രാജ്യത്ത് മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴകൾ കർശനമാക്കുന്നു. 2025 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 5,000 രൂപയായിരിക്കും പിഴ അടയ്ക്കേണ്ടി വരുന്നത്. മുമ്പ് ഇത് 500 രൂപ മാത്രമായിരുന്നു.
പിഴകൾ വർധിപ്പിക്കുക മാത്രമല്ല, ഗുരുതരമായ നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷയും കമ്മ്യൂണിറ്റി സർവീസും ഉണ്ടാകും. അതായത്, മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യ തവണ 10,000 രൂപ പിഴയും ആറ് മാസം തടവും. വീണ്ടും പിടിച്ചാൽ, 15,000 രൂപയും രണ്ട് വർഷം വരെ തടവും ആയിരിക്കും ശിക്ഷ.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ 25,000 രൂപ പിഴയും രക്ഷിതാക്കൾക്കെതിരെ നിയമനടപടിയും സ്വീകരിക്കും. കൂടാതെ, വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കും. മറ്റ് നിയമലംഘനങ്ങൾക്കുള്ള പിഴകളും വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5,000 രൂപയും, ഇൻഷുറൻസ് ഇല്ലെങ്കിൽ 2,000 രൂപയും പിഴയായി ഈടാക്കും. ഇൻഷുറൻസ് ലംഘനം ആവർത്തിച്ചാൽ 4,000 രൂപയായി പിഴ. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും സമാനമായ ശിക്ഷ ലഭിക്കും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയമ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.