റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : ആമയൂർ പുളിങ്ങോട്ടുപുറം റഹ്മത്ത് ക്രഷറിന് സമീപം ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കാണാതായ ഡ്രൈവർ മരിച്ചു. തോട്ടുമുക്കം കൂനുമ്മൽതൊടി വീട്ടിൽ അബ്ദുൽ സലീമിന്റെ മകൻ റാഷിദ് (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ റാഷിദിനെ അരീക്കോട് മദർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് ക്വാറിയിൽ നിന്ന് വരുന്ന റോഡിന് സമീപം ലോറി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. പൂർണമായും വെള്ളത്തിൽ മുങ്ങിയ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തപ്പോൾ അതിനുള്ളിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ഡ്രൈവറിനായുള്ള തിരച്ചിൽ പോലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ സംയുക്തമായി ആരംഭിച്ചു.
തിരച്ചിലിനൊടുവിൽ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ റാഷിദിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.