

കൊച്ചി: മലയാള സിനിമയിലെ റെക്കോർഡുകൾ തകർത്ത ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു. മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ വിസ്മയ ചിത്രം 'ദൃശ്യം 3' ഏപ്രിൽ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്നെയാണ് മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടത്.
ആദ്യ രണ്ട് ഭാഗങ്ങളും ഇൻഡസ്ട്രി ഹിറ്റുകളായതോടെ 'ദൃശ്യം 3'ക്കായി വലിയ ആകാംക്ഷയിലായിരുന്നു സിനിമാ ലോകം. രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധി മൂലം നേരിട്ട് ഒടിടിയിലാണ് (OTT) റിലീസ് ചെയ്തതെങ്കിൽ, മൂന്നാം ഭാഗം തിയേറ്റർ അനുഭവമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മുൻ ഭാഗങ്ങളിലെ സസ്പെൻസും ട്വിസ്റ്റുകളും മൂന്നാം ഭാഗത്തിലും സംവിധായകൻ ജിത്തു ജോസഫ് കാത്തുവെച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ജിത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ജോർജുകുട്ടിയും കുടുംബവും നടത്തുന്ന പുതിയ അതിജീവന പോരാട്ടമായിരിക്കും ചിത്രമെന്നാണ് സൂചന.