

കൊച്ചി : അഞ്ച് ദിവസമായി മുടങ്ങിയ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാർ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് വാട്ടർ അതോറിറ്റി അടിയന്തരമായി നടപടി സ്വീകരിച്ചത്.(Drinking water supply restored at Kakkanad NGO quarters)
ക്വാർട്ടേഴ്സിലെ നൂറിലധികം കുടുംബങ്ങളാണ് അഞ്ച് ദിവസത്തോളമായി കുടിവെള്ളം ലഭിക്കാതെ കടുത്ത ബുദ്ധിമുട്ടിലായത്. വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് പ്രദേശവാസികൾ പ്രതിഷേധ സൂചകമായി റോഡ് ഉപരോധിച്ചത്.
വാൽവ് ഓപ്പറേഷൻ്റെ പേരിലാണ് ക്വാർട്ടേഴ്സിൽ പലപ്പോഴും കുടിവെള്ളത്തിന് തടസ്സമുണ്ടാകുന്നതെന്ന് വാർഡ് കൗൺസിലർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥ വന്നതായി താമസക്കാർ പറഞ്ഞു. കുടിവെള്ള വിതരണം നിലച്ചതോടെ പല കുടുംബങ്ങളും ഉയർന്ന വിലയ്ക്ക് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടി വന്നു. 2000 ലിറ്ററിൻ്റെ ടാങ്കിൽ വെള്ളമടിക്കുന്നതിന് 700 രൂപ വരെ നൽകേണ്ട അവസ്ഥയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി പൈപ്പ് പൊട്ടിയതിനാലാണ് വിതരണം തടസ്സപ്പെട്ടതെന്നും, പൈപ്പ് നന്നാക്കുന്നതിൻ്റെ പണി നടക്കുന്നതിനാലാണ് താമസമുണ്ടായതെന്നുമാണ് വാട്ടർ അതോറിറ്റി തങ്ങളെ അറിയിച്ചതെന്ന് താമസക്കാർ പ്രതികരിച്ചു. നിലവിൽ വിതരണം പുനഃസ്ഥാപിച്ചതോടെ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാർ ആശ്വാസത്തിലാണ്.