കോഴിക്കോട്: നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ട് ആറ് ദിവസം പിന്നിടുന്നു. സിവിൽ സ്റ്റേഷൻ മുതൽ നടക്കാവ് വരെയുള്ള വിപുലമായ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണമായത്.(Drinking water supply has been delayed in Kozhikode city for 6 days)
മൂന്ന് ദിവസത്തേക്ക് കുടിവെള്ളം മുടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ ആറ് ദിവസം പിന്നിട്ടിട്ടും ജലവിതരണം പുനഃസ്ഥാപിക്കാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. എരഞ്ഞിപ്പാലം, നടക്കാവ്, മലാപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പഴയ സിമന്റ് പൈപ്പുകൾ മാറ്റി ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ വീടുകളിലേക്കുള്ള കണക്ഷനുകൾ നൽകാത്തതാണ് പ്രതിസന്ധി നീളാൻ കാരണം. കുടിവെള്ളം മുടങ്ങിയ സാഹചര്യത്തിൽ ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ കോർപ്പറേഷൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.