തൃശൂർ: നാടകീയമായ തർക്കങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ഒടുവിൽ തൃശൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസിലെ ഡോ. നിജി ജസ്റ്റിൻ തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗ കൗൺസിലിൽ 35 വോട്ടുകൾ നേടിയാണ് നിജി വിജയിച്ചത്. യുഡിഎഫിന് പുറമെ ഒരു കോൺഗ്രസ് വിമതന്റെയും സ്വതന്ത്രന്റെയും വോട്ടുകൾ നിജിക്ക് ലഭിച്ചു.(Dr. Niji Justin becomes the new Mayor of Thrissur Corporation)
യുഡിഎഫിന്റെ 33 കൗൺസിലർമാർക്ക് പുറമെ രണ്ട് പേരുടെ കൂടി പിന്തുണ ലഭിച്ചതോടെ നിജി ജസ്റ്റിന് 35 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ എം.എൽ. റോസിക്ക് 13 വോട്ടും എൻഡിഎയിലെ പൂർണ്ണ സുരേഷിന് 8 വോട്ടും ലഭിച്ചു.
മേയർ പദവിയെച്ചൊല്ലി പാർട്ടിയിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്ന മുതിർന്ന കൗൺസിലർ ലാലി ജെയിംസ് നിജിക്ക് വോട്ട് ചെയ്തത് കോൺഗ്രസിന് ആശ്വാസമായി. പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. നിജി ജസ്റ്റിൻ കിഴക്കുംപാട്ടുകര ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. 100 വർഷത്തിന് ശേഷമാണ് ഒരു ഡോക്ടർ തൃശൂർ നഗരസഭയുടെ അധ്യക്ഷ പദവിയിലെത്തുന്നത് എന്ന സവിശേഷതയുമുണ്ട്.
കെപിസിസി സെക്രട്ടറി എ. പ്രസാദാണ് പുതിയ ഡെപ്യൂട്ടി മേയർ. വരണാധികാരിയായ ജില്ലാ കളക്ടർ അരുൺ പാണ്ഡ്യന്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഡോ. നിജി ജസ്റ്റിൻ ഔദ്യോഗികമായി ചുമതലയേറ്റു.