തിരുവനന്തപുരം : മെഡിക്കൽ കോളേജ് അധികൃതർ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ വെട്ടി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. മുറിയിലെ പെട്ടിയിൽ ഉണ്ടായിരുന്നത് റിപ്പയർ ചെയ്യാനായി അയച്ച് തിരികെ കൊണ്ടുവന്ന നെഫ്രോസ്‌കോപ്പ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. പണം ഇല്ലാതിരുന്നതിനാൽ അവ തിരികെ കൊണ്ട് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Dr. Harris's explanation)
അദ്ദേഹം ഇക്കാര്യം പറഞ്ഞത് മെഡിക്കൽ ഓഫീസർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട വിശദീകരണക്കുറിപ്പിലാണ്. കൊച്ചിയിലേക്ക് റിപ്പയറിനായി പത്ത് പതിനഞ്ച് വർഷം പഴക്കമുള്ള ഇവ അയച്ചത് കണ്ടം ചെയ്യുന്നതിന് മുൻപ് ഏതെങ്കിലും തരത്തിൽ നന്നാക്കാൻ സാധിക്കുമോ എന്നറിയാൻ വേണ്ടിയാണെന്നും, രണ്ട് മാസം മുമ്പാണ് ഇത് അയച്ചതെന്നും, പരിശോധനയിൽ കണ്ടത് അതാകാമെന്നും ഡോക്ടർ ഹാരിസ് വിശദീകരിച്ചു.
അതേസമയം, ഡോക്ടർ ഹാരിസിനെതിരായി നടത്തിയ വാർത്താസമ്മേളനം സ്ക്രിപ്റ്റ് എഴുതി ഉണ്ടാക്കിയതാണോ എന്ന് സംശയിക്കത്തക്ക വിധത്തിൽ ഒരു സംഭവം നടന്നിരിക്കുന്നു. വാർത്താസമ്മേളനം തന്നെ തിരക്കഥ എഴുതി ഉണ്ടാക്കിയതാണോ എന്ന രീതിയിൽ സംശയം ജനിപ്പിക്കുന്നതായിരുന്നു പ്രസ് മീറ്റ്. ഇതിനിടയിൽ സൂപ്രണ്ടിന് ഒരു കോൾ വന്നു. ഉന്നത ബന്ധമാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് മുഴുവൻ റിപ്പോർട്ടും വായിക്കാൻ സൂപ്രണ്ട് ആവശ്യപ്പെട്ടു.
നിരവധി തവണ 'സാർ' എന്ന് സൂപ്രണ്ട് വിളിക്കുന്നുമുണ്ട്. നിർദേശം പ്രിൻസിപ്പലിന് കൈമാറിയതിന് ശേഷമാണ് റിപ്പോർട്ട് മുഴുവനും വായിച്ചത്. ഡോക്ടർ ഹാരിസിൻ്റെ മുറിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ നിന്നും കാണാതായ ഉപകരണം കണ്ടെത്തിയെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമ്മതിച്ചിരുന്നു. എന്നാൽ, അക്കാര്യത്തിൽ ചില അസ്വാഭാവികതകൾ ഉണ്ടെന്നും, അത് പുതിയ ബോക്സ് ആയിരുന്നുവെന്നും അദ്ദേഹം.കൂട്ടിച്ചേർത്തു. പികെ ജബ്ബാർ പറഞ്ഞത് ഓഗസ്റ്റ് 2നുള്ള ബില്ലാണ് അതിൽ ഉണ്ടായിരുന്നത് എന്നാണ്.
പരിശോധനയുടെ ഭാഗമായാണ് ഡോക്ടർ ഹാരിസിൻ്റെ ഓഫീസ് മുറി തുറന്നതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്. പരിശോധനയിൽ ഡി എം ഇ അടക്കമുള്ളവരും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ല എന്നും ഡോക്ടർ പി കെ ജബ്ബാർ അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണ് മറ്റൊരു പൂട്ടിട്ട് മുറി പൂട്ടിയതെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
ഡോക്ടർ ഹാരിസ് ചിറയ്ക്കൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റൊരു പൂട്ടിട്ട് ഓഫീസ് മുറി പൂട്ടിയതിൽ അധികൃതർക്ക് മറ്റെന്തോ ലക്ഷ്യം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗുരുതരമായ ആരോപണങ്ങൾ ഉള്ളത് കെ ജി എം സി ടി എ ഭാരവാഹികൾക്ക് നൽകിയ കുറിപ്പിലാണ്. തന്നെ കുടുക്കാൻ കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട് എന്നും, ഔദ്യോഗികമായ രഹസ്യ രേഖകളടക്കം ഓഫീസ് മുറിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായതിൽ അന്വേഷണം വേണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉപകരണം അവിടെത്തന്നെ ഉണ്ടെന്നാണ് ഡോക്ടർ ഹാരിസ് പറഞ്ഞത്.