തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ്.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. വിദഗ്ധ സമിതി റിപ്പോർട്ട് നേരത്തെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു.
പ്രോബ് എന്ന ഉപകരണം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിട്ടും ഡോ.ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നാണു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. മനഃപൂർവം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും നോട്ടീസിൽ പറയുന്നുണ്ട്.1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം: 56, 60 (എ), 62 എന്നിവയുടെയും വിവിധ സര്‍ക്കുലറുകളുടെയും ഗുരുതര ലംഘനമാണെന്നും കാരണം കാണിക്കല്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡോക്ടര്‍ ഹാരിസില്‍ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കും എന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ഉപകാരണക്ഷാമം ഉണ്ടെന്നായിരുന്നു ഹാരിസിന്റെ വെളിപ്പെടുത്തൽ. ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങി പോയിട്ടുണ്ടെന്നും ഡോ. ഹാരിസ് ഹസ്സൻ പറഞ്ഞിരുന്നു. എന്നാൽ ഇത് വലിയ വിവാദമാകുകയും ഇതിന് പിന്നാലെ ഒരു നാലംഗ സമിതിയെ ആരോഗ്യവകുപ്പ് നിയമിക്കുകയും ചെയ്തിരുന്നു.