തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപര്യാപ്തതകളും പ്രാകൃത ചികിത്സാ രീതികളും തുറന്നടിച്ച ഡോ. ഹാരിസ് ചിറയ്ക്കലിനോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഡോക്ടറിൽ നിന്ന് വിശദീകരണം തേടാനുള്ള സാധ്യത മെഡിക്കൽ കോളേജ് അധികൃതർ ആരായുകയാണ്.(Dr. Harris' criticism, Medical college authorities are unhappy)
ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഹൃദ്രോഗിയായ വേണു തറയിൽ കിടന്ന് മരിച്ച സംഭവത്തിലാണ് ഡോ. ഹാരിസ് രൂക്ഷവിമർശനമുന്നയിച്ചത്. "എങ്ങനെയാണ് രോഗിയെ തറയിൽ കിടത്തി ചികിത്സിക്കാനാകുന്നത്? ഇത് പ്രാകൃതമായ നിലവാരമാണ്," എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കൽ കോളേജുകളിൽ വേണ്ടത്ര സൗകര്യം വേണമെന്നും, അല്ലെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1986-ലെ അവസ്ഥ തന്നെയാണ് ഇപ്പോഴുമെന്ന് പറഞ്ഞ ഡോക്ടർ, എണ്ണം തികയ്ക്കാൻ ഡോക്ടർമാരെ അടിക്കടി മാറ്റുന്ന പ്രവണതയും ചോദ്യം ചെയ്തു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മെഡിക്കൽ കോളേജ് ക്യാമ്പസിന് പുറത്ത് ഒരു പൊതുപരിപാടിയിൽ സംസാരിച്ച കാര്യങ്ങൾ ആയതിനാൽ ഡോക്ടറിൽ നിന്ന് വിശദീകരണം തേടാൻ നിയമപരമായി സാധിക്കുമോ എന്ന കാര്യത്തിൽ അധികൃതർക്ക് സംശയമുണ്ട്. എങ്കിലും, ഡോക്ടറെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള സാധ്യതയാണ് അധികൃതർ തേടുന്നത്.
യൂറോളജി ഡിപ്പാർട്ട്‌മെന്റിൽ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ടെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ മുൻപും വലിയ വിവാദമായിരുന്നു. അന്നുമുതൽ തന്നെ ഡോ. ഹാരിസ് ആരോഗ്യവകുപ്പിന്റെ കണ്ണിലെ കരടാണ് എന്ന റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഡോ. ഹാരിസിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന ആശങ്കയും ചർച്ചയുമാണ് നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നത്.