
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് ഡോക്ടർ(Dr. Harris Chirakkal). ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതിനെ തുടർന്നാണ് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കൽ പോസ്റ്റ് ഇട്ടത്. പോസ്റ്റ് വിവാദമായതോടെ ഡോക്ടർ അത് പിൻവലിക്കുകയും ചെയ്തു.
ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്നും യൂറോളജി വകുപ്പ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചുവെന്നും ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ല, തന്നെ പിരിച്ചുവിട്ടോട്ടെയെന്നും ഡോ ഹാരിസ് ചിറക്കൽ പോസ്റ്റിലൂടെ വ്യക്തമാക്കി. പോസ്റ്റ് പുറത്തു വന്നതിനു പിന്നാലെ ഡോക്ടറുടെ വാദങ്ങളെ പിന്തള്ളി ആരോഗ്യവകുപ്പ് അധികൃതർ രംഗത്തെത്തി.