
കണ്ണൂര്‍: പായത്തെ യുവതിയുടെ ആത്മഹത്യ ഭര്‍തൃപീഡനം കാരണമെന്ന് കുടുംബത്തിന്റെ പരാതി. കണ്ണൂർ പായം സ്വദേശി സ്നേഹയാണ് ഇന്നലെ വീട്ടിലെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ചത്.
സംഭവത്തില്‍ സ്നേഹയുടെ ഭര്‍ത്താവ് ജിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ സ്നേഹയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഭർതൃവീട്ടിൽ വെച്ച് സ്നേഹയ്ക്ക് നിരന്തരം ദേഹോപദ്രവം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സ്ത്രീധനം ആവശ്യപ്പെട്ടും പലതവണ ഉപദ്രവിച്ചിരുന്നു. ഇതേ തുടർന്ന് ഇരിട്ടി, ഉളിക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. പിന്നീട് പോലീസ് സ്റ്റേഷനില്‍വെച്ച് പരാതി ഒത്തുതീര്‍പ്പാക്കി വീണ്ടും ഇരുവരേയും ഒന്നിച്ചുവിടുകയായിരുന്നു.കുഞ്ഞ് ജനിച്ച ശേഷം വലിയ വഴക്ക് ഉണ്ടായി. കുട്ടിക്ക് വെളുത്ത നിറമാണെന്നും താന്‍ കറുത്തതാണെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞും ജീനീഷ് സ്നേഹയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ജിനീഷിന്റെ ഫോണ്‍കോള്‍ വന്നശേഷം മുറിയില്‍കയറി വാതിലടച്ച സ്നേഹയെ വൈകീട്ട് ആറരയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. നാല് വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇവർക്ക് മൂന്ന് വയസ് പ്രായമുള്ള കുഞ്ഞുണ്ട്.