പാലക്കാട് : മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിയും സിപിഎമ്മും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുറുകുന്നു. പി. കെ ശശി വിഭാഗത്തിന്റെ സഹകരണ ബാങ്ക് ഉദഘാടനത്തിൽ നിന്ന് കെ.ശാന്തകുമാരി എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടു നിന്നു. ഇതിന് ശക്തമായ ഭാഷയിൽ ഉദഘാടന പ്രസംഗത്തില്‍ പി.കെ. ശശി മറുപടി നൽകിയത്.
'അധികാരികളെ കണ്ണുരുട്ടി പേടിപ്പിക്കാം എന്നൊന്നും ആരും വിചാരിക്കരുത്. ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല. ഈ കാര്യങ്ങളെല്ലാം കൃത്യമായി കാണാനും അറിയാനും വിലയിരുത്താനും ശേഷിയുള്ള, നല്ല ഉശിരുള്ള ജനങ്ങളുള്ള നാടാണ് ഇത്.ആരെങ്കിലും കണ്ണുരുട്ടിയാല്‍ പേടിച്ചു പോകുന്നവരാണ് സഹകരണ സ്ഥാപനങ്ങളില്‍ ഇരിക്കുന്നത് എന്ന തെറ്റായ ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് മടക്കി കീശയില്‍ വയ്ക്കുന്നതാണ് നല്ലത്. ഉദ്യോഗസ്ഥന്മാര്‍ ഒറ്റ കാര്യം മനസിലാക്കിയാല്‍ മതി, ഇത് അവസാനത്തെ വെള്ളിയാഴ്ചയല്ല.' പി.കെ. ശശി കൂട്ടിച്ചേര്‍ത്തു.
കെ. ശാന്തകുമാരി എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്.പരിപാടിയിൽ പങ്കെടുക്കരുതെന്ന് സിപിഎം നിർദ്ദേശം ലഭിച്ചതോടെ എംഎൽ എ,കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സതീരാമരാജൻ അടക്കം പാർട്ടി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ നിന്നും പിന്‍വാങ്ങിയത് എന്നാണ് വിവരം.