തിരുവനന്തപുരം : എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരായ ലൈംഗികാധിക്ഷേപം അത്യന്തം ഹീനവും അപലപനീയവുമാണെന്ന് ആര്യാ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...
'പ്രസ്തുത പ്രൊഫൈലിലെ മുന്‍ പോസ്റ്റുകള്‍ നിരീക്ഷിച്ചാല്‍ അത് കോണ്‍ഗ്രസ് സൈബര്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതാണെന്ന് വ്യക്തമാണ്. പൊതുസമൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം അപമാനിതരായി നില്‍ക്കുന്ന സാഹചര്യത്തെ മറികടക്കാന്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് അശ്ലീല പ്രചരണം നടത്തുകയാണ് ചെയ്യുന്നത്.
സമൂഹത്തെ മലീമസമാക്കുന്ന ഇത്തരം പ്രചാരണ രീതിയില്‍ നിന്നും പിന്മാറാന്‍ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതൃത്വം ഇടപെടേണ്ടതുണ്ട്. ആശയപരമായ രാഷ്ട്രീയ പ്രചരണം നടത്തുന്നതിന് പകരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തുന്ന പ്രൊഫൈലുകള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയണം.
എല്ലാകാലത്തും മുഖംമൂടി ധരിച്ചുകൊണ്ട് സാമൂഹ്യ മാധ്യമ ഇടങ്ങളില്‍ ഇത്തരം തെമ്മാടിത്തം തുടരാമെന്ന് അവര്‍ കരുതേണ്ടതില്ല. ലൈംഗികാധിക്ഷേപം നടത്തിയ വ്യക്തിക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. എ.എ.റഹീം എം പി ക്കും കുടുംബത്തിനുമെതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
അതേ സമയം, സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടി റഹീം എംപി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തന്റെയും ഭാര്യയുടെയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതം ഏല്‍പിക്കുന്നതുമാണെന്ന് റഹീം പരാതിയിൽ പറഞ്ഞിരുന്നു.