കൊച്ചി: കേരള സർക്കാർ ഖജനാവിലെ പണമെടുത്ത് സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന കാര്യങ്ങളിൽ ജനാഭിപ്രായം തേടാനെന്ന വ്യാജേന സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.(Don't take money from the government treasury to run election campaigns, says VD Satheesan)
വികസന കാര്യങ്ങളിൽ അഭിപ്രായം തേടാനെന്ന പേരിൽ സ്വന്തം പാർട്ടിക്കാരെ വൊളന്റിയർമാരാക്കി സർക്കാർ ശമ്പളം നൽകുന്നു. ഇവർ വഴി സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത്.
സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് പാർട്ടി പ്രവർത്തനം നടത്താൻ അനുവദിക്കില്ല. കോടതിയിൽ നിയമപോരാട്ടം നടത്തി ഈ തുക പാർട്ടിക്കാരെക്കൊണ്ട് തന്നെ തിരിച്ചടപ്പിക്കുമെന്ന് സതീശൻ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സി.ഐ.ടി.യു നൽകിയ കത്ത് മന്ത്രി വകുപ്പിലെ അധികാരികൾക്ക് അയച്ചു നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ഈ നീക്കവും അനുവദിക്കില്ല.
പാർട്ടിക്കാരെ ഈ പരിപാടികളിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നൽകിയ കത്ത് തന്റെ പക്കലുണ്ടെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. "പത്ത് കൊല്ലം ഭരിച്ചിട്ട് ഇനിയാണോ ജനങ്ങളോട് വികസന കാര്യത്തിൽ അഭിപ്രായം ചോദിക്കാൻ പോകുന്നത്?" എന്ന് പരിഹസിച്ച സതീശൻ, ഖജനാവ് കൊള്ളയടിക്കുന്ന ഇത്തരം പരിപാടികളിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും വിനയപൂർവ്വം അഭ്യർത്ഥിച്ചു. രാഷ്ട്രീയമായും നിയമപരമായും ഈ നീക്കത്തെ നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.