
ബിഗ് ബോസ് ഹൗസിലെ ഫാമിലി വീക്കിൽ കഴിഞ്ഞ ദിവസം വീട്ടിലെത്തിയത് ആര്യൻ, ജിസേൽ, അനുമോൾ എന്നിവരുടെ കുടുംബമായിരുന്നു. ആര്യൻ്റെ അമ്മയും സഹോദരനും എത്തിയപ്പോൾ ജിസേലിൻ്റെ അമ്മ മാത്രമാണ് എത്തിയത്. അനുമോളുടെ അമ്മയും സഹോദരിയുമാണ് ഹൗസിലെത്തിയത്.
ഹൗസിലെത്തിയ ആര്യൻ്റെ അമ്മ ഡിമ്പിൾ എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. ആദിലയെയും നൂറയെയും പ്രത്യേകം പരിഗണിച്ച അവരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. 'നിങ്ങൾ എൻ്റെ മക്കളാണ്, ഞാൻ ദത്തെടുത്തിരിക്കുകയാണ്' എന്നാണ് ഡിമ്പിൾ പറഞ്ഞത്. "എന്നെ ചിലത് സ്പർശിച്ചു. അത് ഞാൻ ആവർത്തിക്കുന്നില്ല. എപ്പോഴും വീട്ടിലേക്ക് സ്വാഗതം. അവർക്ക് അമ്മയുണ്ട്. അമ്മ വന്നിട്ടില്ല എന്നൊന്നും പറയരുത്. അമ്മ വന്നു. എൻ്റെ മക്കളാണ്. പെണ്മക്കളെ എനിക്ക് വലിയ ഇഷ്ടമാണ്" എന്നും പറഞ്ഞ ഡിമ്പിൾ, ആദിലയേയും നൂറയേയും പലതവണ കെട്ടിപ്പിടിക്കുകയും ചെയ്തു.
പസിൽ ടാസ്കും മുഖത്ത് ബിസ്കറ്റ് വച്ച് കൈകൊണ്ട് തൊടാതെ അത് കഴിക്കുന്ന ടാസ്കുമാണ് ആര്യന് തൻ്റെ കുടുംബത്തെ കാണാൻ ചെയ്യേണ്ടിയിരുന്നത്. ഇത് കഴിഞ്ഞ് ആര്യൻ എത്തിക്കഴിഞ്ഞായിരുന്നു ഈ രംഗങ്ങൾ. പലതവണ ഡിമ്പിൾ, ഞാൻ ‘ഇവരെ ദത്തെടുത്തിരിക്കുകയാണ്’ എന്ന് ആവർത്തിച്ചു.
ആര്യനുമായുള്ള വിഷയത്തിൽ ജിസേലിനെ ജിസേലിൻ്റെ അമ്മ കുറ്റപ്പെടുത്തി. ആര്യൻ കാലിൽ വീണ് വന്ദിച്ചെങ്കിലും താൻ അത് കണ്ടില്ലെന്നും ജിസേലിൻ്റെ അമ്മ പൊന്നമ്മ പറഞ്ഞു. ‘ജിസേൽ മകളല്ലേ’ എന്ന് ആര്യൻ ചോദിച്ചപ്പോൾ, ജിസേൽ സുഹൃത്താണെന്നാണ് ഡിമ്പിൾ പറഞ്ഞത്. ഇതോടെ തങ്ങളുടെ കുടുംബത്തിന് തങ്ങളുടെ ബന്ധത്തിൽ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുകയും ആര്യനും ജിസേലും രണ്ട് ബെഡുകളിലേക്ക് മാറുകയും ചെയ്തു. ഈ വിഷയത്തിൽ തുടർന്നും ചർച്ചകൾ നടന്നു.