'പത്തനംതിട്ട വിട്ട് പോകരുത്': രാഹുൽ മാങ്കൂട്ടത്തിലിന് SITയുടെ നിർദേശം, 2 ബലാത്സംഗ കേസുകളും ഇന്ന് ഹൈക്കോടതിയിൽ | Rahul Mamkootathil

ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം തുടർനടപടികൾ ഉണ്ടാകും
Don't leave Pathanamthitta, SIT orders Rahul Mamkootathil
Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യുടെ ചോദ്യം ചെയ്യൽ തൽക്കാലത്തേക്ക് മാറ്റിവെച്ചതായി പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം മതി തുടർ നടപടികൾ എന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട ജില്ല വിട്ട് പോകരുതെന്നും എല്ലാ സമയത്തും ജില്ലയിൽ ഉണ്ടാകണമെന്നും എസ്.ഐ.ടി. നിർദ്ദേശം നൽകിയിട്ടുണ്ട്.(Don't leave Pathanamthitta, SIT orders Rahul Mamkootathil)

രണ്ടാമത്തെ കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ നിർദ്ദേശിച്ചത്. എന്നാൽ, ഈ സെഷൻസ് കോടതി ഉത്തരവിനെ പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവെക്കാൻ തീരുമാനിച്ചത്. ബലാത്സംഗക്കേസുകളിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തിയിരുന്നു. പിറ്റേന്ന് അദ്ദേഹം പത്തനംതിട്ടയിലെ വീട്ടിലെത്തി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഇന്ന് ഹൈക്കോടതി പരിഗണിക്കും. സെഷൻസ് കോടതി തള്ളിയ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കെതിരെ രാഹുൽ നൽകിയ ഹർജി ഇന്ന് ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് വിശദമായി വാദം കേൾക്കും. ഈ കേസിൽ രാഹുലിനെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ആഴ്ച കോടതി നിർദേശിച്ചിരുന്നു. യുവതിയുടെ പരാതിയിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ച് പരിഗണിക്കും.

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷകളും ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. നിലവിൽ റിമാൻഡിലുള്ള ഒന്നാം പ്രതിയായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ, സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ എന്നിവയാണിത്. പോലീസ് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് തവണയും ജാമ്യാപേക്ഷകളിലെ വാദം മാറ്റിവെച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com