കൊച്ചി: ഉത്തർപ്രദേശിലും ഛത്തീസ്ഗഢിലും പാലക്കാടുമടക്കം നടന്ന അക്രമ സംഭവങ്ങൾ ക്രിസ്മസ് ദിനത്തിൽ സഭാ നേതൃത്വത്തിന്റെ വാക്കുകളിൽ കടുത്ത പ്രതിഷേധമായി മാറി. ഭാരതത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് സിറോ മലബാർ സഭയുടെ പ്രതികരണം.(Don't forget the path of tolerance, Church leadership shares concern over atrocities)
"വെറുപ്പുണ്ടാക്കുന്നവരുടെ ഹൃദയത്തിലും ക്രിസ്മസ് നിലാവിന്റെ വെളിച്ചം വീശട്ടെ" എന്ന് കർദ്ദിനാൾ ക്ലിമിസ് ബാവ ആഹ്വാനം ചെയ്തു. അക്രമങ്ങൾ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും സഹിഷ്ണുതയുടെ വഴി രാജ്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, അത് ആവർത്തിക്കപ്പെടുകയാണെന്നും സിറോ മലബാർ സഭ പ്രതികരിച്ചു. ഇന്ത്യയെ മതരാഷ്ട്ര പട്ടികയിലേക്ക് മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സഭ ആശങ്ക പ്രകടിപ്പിച്ചു.
സഭകളുടെ ആശങ്കയെ രാഷ്ട്രീയ ആയുധമാക്കാനാണ് ഇരു മുന്നണികളുടെയും നീക്കം. "കേക്കുമായി വന്നവർ കരോൾ കാണുമ്പോൾ ആക്രമിക്കുന്നവരായി മാറുന്നു" എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.