

കണ്ണൂർ:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്നും, "കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല" എന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയാൽ കുറ്റിച്ചൂലുകൊണ്ട് ജനം മറുപടി നൽകും എന്നും എം.വി. ജയരാജൻ വ്യക്തമാക്കി.(Don't expect anything good from Rahul Mamkootatil, says MV Jayarajan)
കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടുകൾക്കെതിരെയും ജയരാജൻ വിമർശനമുയർത്തി. "കോൺഗ്രസ് ഒരാളെ പുറത്താക്കിയാൽ അകത്താക്കി എന്നാണ് അർത്ഥം. ആളുകളെ കായികപരമായി നേരിടലല്ല പ്രതിഷേധം കൊണ്ട് ഉദ്ദേശിക്കുന്നത്. ജനമനസ്സിൽ പ്രതിഷേധം കൊടുങ്കാറ്റ് പോലെ ഉണ്ടാകും." സ്ത്രീപീഡകന്മാരെ സമൂഹം ഒന്നാകെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീ പീഡകന്മാരുടെ കാര്യത്തിൽ സി.പി.ഐ.എമ്മിനുള്ള നിലപാടും എം.വി. ജയരാജൻ വ്യക്തമാക്കി. സ്ത്രീ പീഡകന്മാർ ആരായാലും അവർ സ്ത്രീ പീഡകന്മാരാണ്. വസ്തുതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിലപാടുകൾ മാത്രമാണ് സി.പി.ഐ.എമ്മിനുള്ളത്. ഈ പ്രശ്നത്തിലും സി.പി.ഐ.എം. സ്വീകരിച്ചത് ശരിയായ നിലപാടാണ്. പീഡനത്തിന് വർഗീയതയില്ല. പീഡകന്മാരെ വർഗീയപരമായി വേർതിരിക്കാൻ കഴിയില്ല.
പാലത്തായി സംഭവത്തിലെ ഉത്തരവാദിയായ അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷയാണ് കോടതിയിൽ നിന്ന് ഉണ്ടായത്. കേസ് തേച്ചുമായ്ച്ചു കളയാനുള്ള പരിശ്രമം ബി.ജെ.പി. ഉന്നത തലങ്ങളിൽ നടത്തിയിട്ടും അന്വേഷണസംഘം തെളിവുകൾ കണ്ടെത്തി ശിക്ഷ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരീന്ദ്രൻ പറഞ്ഞിട്ടുള്ള ഒരു കാര്യം, എല്ലാ വർഗ്ഗത്തിലും പെട്ട പീഡകന്മാരെ ഒറ്റപ്പെടുത്തണം എന്നതാണ്. എന്നാൽ അത് മാധ്യമങ്ങൾ വക്രീകരിക്കുകയാണ്. സി.പി.ഐ.എം. സംഘപരിവാറിൻ്റെ വക്താക്കൾ എന്ന പ്രചാരണത്തിൽ അർത്ഥമില്ല. അതിൽ ഒരു വസ്തുതയുമില്ല. സി.പി.ഐ.എമ്മോ ഇടതുപക്ഷമോ സംഘപരിവാറിൻ്റെ വക്താക്കളല്ലെന്നും അവരുടെ രാഷ്ട്രീയത്തിനോട് യോജിപ്പുമില്ലെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.