കണ്ണൂർ: പിണറായിയിൽ സി.പി.എം പ്രവർത്തകന്റെ കൈപ്പത്തി തകർന്നത് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി പടക്കം നിർമ്മിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണെന്ന് ഇ.പി. ജയരാജൻ. ഇത് ബോംബ് സ്ഫോടനമാണെന്ന് വ്യാഖ്യാനിക്കരുതെന്നും കണ്ണൂരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Don't disturb the peaceful atmosphere, EP Jayarajan on the explosion in Kannur)
നാട്ടിൻപുറങ്ങളിൽ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ചരടുകൊണ്ട് കെട്ടിയുണ്ടാക്കിയ സാധാരണ പടക്കമാണിത്. പടക്കം കെട്ടുമ്പോൾ ചരട് അല്പം മുറുകിപ്പോയാൽ അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. വേണ്ടത്ര അനുഭവപരിചയമില്ലാത്തവർ കൈകാര്യം ചെയ്യുമ്പോൾ ഇത്തരം അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇത് അത്തരമൊരു അപകടം മാത്രമാണ്.
ഇതിനെ ബോംബ് സ്ഫോടനമായോ അക്രമത്തിനുള്ള തയ്യാറെടുപ്പായോ ചിത്രീകരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കരുത്. സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ വിപിൻരാജിന്റെ ഇടതുകൈപ്പത്തിയാണ് പൂർണ്ണമായും തകർന്നത്. സംഭവത്തിൽ സ്ഫോടകവസ്തു നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.