
ആലപ്പുഴ: അമ്പലപ്പുഴ പുന്നപ്രയിൽ വീണ്ടും ഡോൾഫിൻ്റെ ജഡമടിഞ്ഞു(Dolphin). രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് വലിയ മീനുകളുടെ ജഡം കരയ്ക്കടിയുന്നത്. ഇന്ന് കരയ്ക്കടിഞ്ഞ ഡോൾഫിൻ്റെ തലക്ക് മുറിവേറ്റ പാടുകളുണ്ട്. പുന്നപ്ര ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപമാണ് സംഭവം നടന്നത്. മത്സ്യ തൊഴിലാളികളാണ് ജഡം ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സീനിയർ വെറ്ററിനറി സർജനും ഫിഷറീസ് വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഡോൾഫിൻ്റെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപത്ത് തന്നെ മറവു ചെയ്തു. അതേസമയം കപ്പലപകടത്തിന് ശേഷം അടിക്കടി ഡോൾഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നതിൽ വിശദമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.