ബാലമുരുകനെ കണ്ടെത്താൻ ഡോഗ് സ്‌ക്വാഡും: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു | Dog squad

പോലീസ് ബാലമുരുകന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്
ബാലമുരുകനെ കണ്ടെത്താൻ ഡോഗ് സ്‌ക്വാഡും: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു | Dog squad
Published on

തൃശൂർ: തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് തൃശൂർ വിയ്യൂരിലെ ജയിൽ പരിസരത്തുവെച്ച് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ കണ്ടെത്താനായി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയുള്ള തിരച്ചിൽ ആരംഭിച്ചു. വിയ്യൂർ ജയിൽ പരിസരം കേന്ദ്രീകരിച്ചാണ് ഡോഗ് സ്‌ക്വാഡിലെ 'ജിപ്‌സി' എന്ന നായയെ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നത്.(Dog squad to find Balamurugan, Search continues for suspect who escaped from police custody)

ബാലമുരുകന്റേതെന്ന് സ്ഥിരീകരിച്ച ചെരുപ്പ് ഉപയോഗിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ നായ സമീപത്തെ പെട്രോൾ പമ്പ് വരെ സഞ്ചരിച്ചു. തൃശ്ശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.

ബാലമുരുകൻ രക്ഷപ്പെട്ട സംഭവത്തിൽ പ്രതിയെ തിരികെ കൊണ്ടുവന്ന തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് ബന്ദൽകുടി എസ്.ഐ. നാഗരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്.

പ്രതി ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്തിയതിലും കൈവിലങ്ങ് മാറ്റിയതിലും വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കടന്നുകളഞ്ഞെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.

ഭക്ഷണം കഴിക്കാൻ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ലെന്ന് തമിഴ്നാട് പോലീസ് പറയുന്നു. രക്ഷപ്പെട്ട പ്രതി ആദ്യം ജയിൽ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോയ ശേഷമാണ് വിയ്യൂർ ജയിലിൽ വിവരം അറിയിച്ചത്.

കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ കേരളത്തിലും തമിഴ്നാട്ടിലുമായി 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. റോഡരികിൽ സൂക്ഷിക്കുന്ന ബൈക്കുകൾ തട്ടിയെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി.

മുൻപ് രണ്ട് വട്ടം പോലീസ് കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ ചാടിപ്പോയിരുന്നു. രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായി പോലീസ് ബാലമുരുകന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com