കോഴിക്കോട് : താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് പ്രതിയുടെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ല എന്നാണ് അവർ പറഞ്ഞത്. നിയമപരമായി മുന്നോട്ട് നീങ്ങുകയായിരുന്നു വേണ്ടിയിരുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. (Doctor attacked in Kozhikode)
മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുത്തമായിരുന്നുവെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നുവെന്നും, ഇതിന് പിന്നാലെ സനൂപ് ഡിപ്രഷനിൽ ആയെന്നും ഭാര്യ അറിയിച്ചു. രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കുമെന്നും, നട്ടപ്പാതിരയ്ക്ക് മക്കളെ കെട്ടിപ്പിടിച്ച് കരയുമായിരുന്നുവെന്നും പറഞ്ഞ ഭാര്യ, മകളുടെ മരണത്തിൽ നീതി വേണമെന്നും, മകൾ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചല്ലെന്ന് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നുവെന്നും, പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തത് എന്നും വെളിപ്പെടുത്തി.
കോടതിയെ സമീപിക്കുമെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ട് മുക്കുമോ എന്ന് സംശയം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡോക്ടർ വിപിനെയാണ് സനൂപ് വെട്ടിപ്പരിക്കേൽപ്പിച്ചത്.