കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് താമരശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ. ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സിസ്റ്റം പരാജയപ്പെട്ടെന്നാണ് ഇവർ പറഞ്ഞത്. (Doctor attacked in Kozhikode)
സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു. വന്ദന ദാസ് കൊലപ്പെട്ട സമയത്ത് നൽകിയ ഉറപ്പുകൾ പാഴായെന്നും കെ ജി എം ഒ എ ചൂണ്ടിക്കാട്ടി. ഇവർ ജില്ലാതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. വിപിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ വെട്ടിയത് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട മരിച്ച കുട്ടിയുടെ പിതാവാണ്. ഒൻപത് വയസുകാരിയുടെ പിതാവായ സനൂപ് ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡോക്ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തോടെയാണ് ആക്രമണം നടത്തിയത്. അനയ ആണ് മരിച്ചത്.
രണ്ടു മക്കളുമായി എത്തിയ സനൂപ് ഇവരെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ മുറിയിൽ എത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ സൂപ്രണ്ടിനെ ലക്ഷ്യം വച്ചെത്തിയ ഇയാൾ പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.