ഡോക്ടർക്ക് വെട്ടേറ്റ സംഭവം ; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ കെജിഎംഒഎ |KGMOA

വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല .
doctor attack
Published on

കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും കെജിഎംഒഎ വ്യക്തമാക്കി.

തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല.വന്ദന ദാസിന്റെ മരണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല .എക്സ് സർവ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റിൽ നിയമിക്കേണ്ടത് എന്നാൽ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചത്.

ആശുപത്രികളിൽ സിഎസ്എഫിന് സമാനമായ സംസ്ഥാനത്തിന്റെ സേനയെ വിന്യസിക്കുമെന്നും എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്തുകൊണ്ട് സംഘടനയ്ക്ക് സര്‍ക്കാര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുന്നു എന്ന ചോദ്യം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതൊക്കെ തീരുമാനിച്ചത്. എന്നാൽ നാളിതുവരെ ആയിട്ടും ഇതൊന്നും നടപ്പിലാക്കിയില്ല. ഇതിന്റെ പ്രതിഷേധ സൂചകമായി നാളെ കോഴിക്കോട് ജില്ലയിലെ എല്ലാ ഡോക്ടര്‍മാരും പണിമുടക്കും.

അതേ സമയം ,താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, സംഭവത്തിൽ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്‍റെ പ്രതികരണം.

തന്‍റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്‍റെ പ്രതികരണം. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com