കൊല്ലം: കോൺഗ്രസിൽ ചേർന്ന നടപടിയെ 'വർഗ്ഗവഞ്ചന' എന്ന് വിശേഷിപ്പിച്ച സി.പി.എം നേതാക്കൾക്ക് മറുപടിയുമായി ഐഷ പോറ്റി. കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പി. സരിനും ശോഭന ജോർജിനും ഇതേ പേര് തന്നെയാണോ പാർട്ടി നൽകുന്നതെന്ന് അവർ ചോദിച്ചു. തന്നെ അവഗണിച്ചവർ തന്നെയാണ് യഥാർത്ഥ വഞ്ചന കാണിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.(Do P Sarin and Shobhana George have the same Adjective? Aisha Potty's reply to CPM)
മൂന്ന് തവണ എം.എൽ.എ ആയിരുന്നിട്ടും പാർട്ടി ഏൽപ്പിച്ച ജോലികളെല്ലാം ഭംഗിയായി പൂർത്തിയാക്കിയിട്ടും പിന്നീട് തനിക്ക് പാർട്ടിയിൽ ഒരിടവും നൽകാത്ത സാഹചര്യമുണ്ടായി. താൻ തുടങ്ങിവെച്ച പദ്ധതികളിൽ പോലും തന്നെ പങ്കെടുപ്പിക്കേണ്ടെന്ന് ചിലർ തീരുമാനിച്ചു. ഇതാണോ വർഗ്ഗവഞ്ചനയെന്ന് അവർ ചോദിച്ചു.
കൊട്ടാരക്കരയിൽ താൻ തുടങ്ങിവെച്ച പല വികസന പദ്ധതികളും മന്ത്രി കെ.എൻ. ബാലഗോപാൽ പൂർത്തിയാക്കിയില്ല. പലതും നിലച്ചുപോയി. ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ഐഷ പോറ്റി കുറ്റപ്പെടുത്തി. മനുഷ്യന്റെ മനസ്സിലുള്ളത് തുറന്നുപറയാനുള്ള അവസരം സി.പി.എം നൽകണമെന്നും അവർ പറഞ്ഞു.
ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും പാർട്ടി എല്ലാ സ്ഥാനങ്ങളും നൽകിയിട്ടും വഞ്ചനാപരമായ സമീപനമാണ് അവർ സ്വീകരിച്ചതെന്നും മന്ത്രി വി.എൻ. വാസവൻ വിമർശിച്ചു. വിമർശനങ്ങൾക്കിടയിലും കൊട്ടാരക്കര മണ്ഡലത്തിലെ യു.ഡി.എഫ് പരിപാടികളിൽ ഐഷ പോറ്റി സജീവമായി പങ്കെടുക്കുന്നുണ്ട്.