തിരുവനന്തപുരം : മോഹൻലാൽ, മമ്മൂട്ടി, കമല്ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്‍ക്കണമെന്നാണ് ആശമാരുടെ ആവശ്യം.
അതിദരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് സർക്കാരിന്റെ വലിയ നുണയാണ്.മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ വന്നു കാണണം.തങ്ങളുടെ ആവശ്യങ്ങൾ എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ പരിഗണിച്ചില്ല. ജീവിത ദുരിതങ്ങൾ ശ്വാസമുട്ടിക്കുന്നുവെന്നും, പലരും ജീവിതം അവസാനിപ്പിക്കേണ്ട സ്ഥിതിയിൽ.ദുഃഖവും നിരാശയും നിറയുന്ന ഞങ്ങളുടെ ജീവിതത്തിൽ ആശ്വാസത്തിന്റെ വെളിച്ചം തേടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. നിലവിലുള്ള 233 രൂപ ദിവസവേതനം വർദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ഏറ്റവും ന്യായമായ ആവശ്യങ്ങളാണ് ഞങ്ങൾ സർക്കാരിനുമുമ്പിൽ ഉണർത്തുന്നത് എന്നും കത്തിൽ ആശമാർ വ്യക്തമാക്കി.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.ഇമെയിൽ മുഖേനയാണ് താരങ്ങൾക്കു കത്തയച്ചത്.