"അതിദാരിദ്ര വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്"; മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശാ പ്രവർത്തകരുടെ തുറന്ന കത്ത് | ASHA Workers

ചടങ്ങിൽ പങ്കെടുത്താൽ, ആ വലിയ നുണയുടെ പ്രചാരകരായി മഹാ നടന്മാരായ മൂന്നുപേരും മാറും.
ASHA Workers
Published on

തിരുവനന്തപുരം: അതിദാരിദ്ര വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന ആവശ്യവുമായി കലാകാരന്മാർക്ക് തുറന്ന കത്തുമായി ആശ പ്രവർത്തകർ. നവംബർ ഒന്നിന് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർക്കാണ് കത്ത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി കെ സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.

233 രൂപ ദിവസവേതനം വാങ്ങുന്ന 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. അതിനാൽ ഈ ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് മഹാ നടന്മാരായ മൂവരോടും അതിദാരിദ്ര്യ നിർമുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് ആശമാർ. ഞങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണെന്നും കത്തിൽ പറയുന്നു.

18 വർഷമായി സംസ്ഥാനത്തിൻ്റെ ആരോഗ്യമേഖലയിൽ സമർപ്പിതമായി പ്രർത്തിക്കുന്നവരാണ് ആശമാർ. എന്നാൽ പരമ ദരിദ്രമായ തങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനോ ദുരിതങ്ങൾ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായിട്ടില്ല. ദിവസ വേതനം 233 രൂപയെന്ന തുഛമായ തുക മാത്രമാണ്. ജോലി ചെയ്യാൻ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിവസേന ചെലവഴിക്കേണ്ടി വരുന്ന ഞങ്ങളുടെ കൈവശം അവശേഷിക്കുന്ന തുക കൊണ്ട് എങ്ങിനെയാണ് കുടുംബം പുലർത്തുക എന്നും ആശ പ്രവർത്തകർ ചോദിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com