
കൊച്ചി: കേസ് സ്റ്റേ ചെയ്തെന്ന വിവരം അഭിഭാഷകർ അറിയിച്ചതുകൊണ്ട് മാത്രം കേസുകളിലെ തുടർനടപടികൾ വിചാരണക്കോടതികൾ നീട്ടിവെക്കരുതെന്ന് ഹൈകോടതി. ഇതിന് വിരുദ്ധമായി വിചാരണക്കോടതികൾ പ്രവർത്തിച്ചാൽ ഗൗരവത്തോടെ കാണും. സ്റ്റേ ഉണ്ടെന്ന് അഭിഭാഷകർ വാക്കാൽ അറിയിച്ചതിന്റെ പേരിൽ കോടതികൾ വിചാരണ വർഷങ്ങളോളം നീട്ടിവെക്കുന്നതായി വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
സ്റ്റേ ഉത്തരവോ സത്യവാങ്മൂലമോ നൽകിയിട്ടില്ലെങ്കിൽ ഹൈകോടതിയുടെ വെബ്സൈറ്റിൽ കേസിന്റെ സ്ഥിതി എന്തെന്ന് വിലയിരുത്തി നിയമപരമായ തുടർനടപടി സ്വീകരിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ഹാജരാക്കാൻ പരമാവധി ഒരു മാസംവരെ സമയം അനുവദിക്കാം. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്റ്റേ എന്ന ഹൈകോടതി ഉത്തരവാണ് ഹാജരാക്കുന്നതെങ്കിൽ ഈ ഉത്തരവ് നിലവിലുണ്ടെന്ന് വ്യക്തമാക്കി മൂന്നുമാസം കൂടുമ്പോൾ സത്യവാങ്മൂലം നൽകാൻ കക്ഷികൾക്ക് നിർദേശം നൽകണം. നടപടികൾ കേസ് ഇൻഫർമേഷൻ സംവിധാനത്തിൽ കൃത്യമായി രേഖപ്പെടുത്തണം. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള വഞ്ചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2017ൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.