മലപ്പുറം: സർക്കാരിനെതിരെയുള്ള വിമർശനത്തിന് കയ്യടിച്ചതിൻ്റെ പേരിൽ മലപ്പുറം ഹോമിയോ ഡി.എം.ഒ.യ്ക്ക് സർക്കാരിൻ്റെ താക്കീത്. മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ആണ് സംഭവം.(DMO warned for lauding of criticizing the government)
രണ്ട് വർഷം മുൻപ് നടന്ന ജില്ലാ വികസന സമിതി (ഡി.ഡി.സി.) യോഗത്തിലെ സംഭവത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥന് താക്കീത് ലഭിച്ചിരിക്കുന്നത്. യോഗത്തിൽ ഒരു അംഗം സർക്കാർ നയത്തിനെതിരെ സംസാരിച്ചപ്പോൾ ഡി.എം.ഒ. കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു എന്നതാണ് ഉദ്യോഗസ്ഥനെതിരെയുള്ള കുറ്റം.
സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് താക്കീത് നൽകിയിരിക്കുന്നത്. താൻ ഒറ്റയ്ക്ക് വാഹനം ഓടിച്ച് പെട്ടെന്നാണ് യോഗത്തിലേക്ക് വന്നതെന്നും, ആരാണ്, എന്താണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഡി.എം.ഒ. വിശദീകരിച്ചു. കുറച്ചാളുകൾ കൈയ്യടിച്ചപ്പോൾ കൂടെ കയ്യടിച്ചു പോയതാണെന്നും അദ്ദേഹം വിശദീകരണത്തിൽ അറിയിച്ചു.