
തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തതിനു പിന്നാലെ ദിവ്യ എസ്. അയ്യർ എഴുതിയ അഭിനന്ദന പോസ്റ്റിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു(Divya S. Iyer). ഇപ്പോൾ, വിമർശനം ഉന്നയിച്ച കെ.മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. കഴിഞ്ഞ ദിവസമാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ ദിവ്യ മറുപടി പോസ്റ്റ് പങ്കിട്ടത്.
“മഴ പെയ്തുകഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടെയൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടുപോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്ക് ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാതയാണ്. ഇനിയും തുടരും" - എന്നാണ് ദിവ്യ എഴുതിയത്.