അക്ഷരോന്നതിയിലേക്ക് 5000 പുസ്തകങ്ങള്‍ കൈമാറി ജില്ലാ എന്‍എസ്എസ്

Akshoronnathi
Published on

വീടു വീടാന്തരം കയറിയിറങ്ങിയും വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസ് അക്ഷരോന്നതി പദ്ധതിയിലേക്ക് സമാഹരിച്ചത് 5,000 പുസ്തകം. 'വിദ്യാര്‍ഥികള്‍ വായനയിലൂടെ ഉന്നതിയിലേക്ക്' എന്ന സന്ദേശത്തില്‍ പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതിയിലേക്കാണ് പുസ്തകം ശേഖരിച്ചത്.

പുസ്തകവണ്ടിയൊരുക്കി രണ്ട് ദിവസങ്ങളിലായി ജില്ലയിലെ 82 കോളേജുകളിലെത്തിയാണ് എന്‍എന്‍എസ് വളണ്ടിയര്‍മാര്‍ പുസ്തകങ്ങള്‍ കൈപ്പറ്റിയത്. ജൂണ്‍ 25ന് കൊയിലാണ്ടി വടകര, കുറ്റ്യാടി മേഖലകളിലും ജൂണ്‍ 27ന് ഫറോക്ക്, മുക്കം, ബാലുശ്ശേരി, കോഴിക്കോട് ടൗണ്‍ കേന്ദ്രീകരിച്ചുമാണ് പുസ്തകവണ്ടി പര്യടനം നടത്തിയത്.

കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് പുസ്തകങ്ങള്‍ കൈമാറി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി സാജന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. ടി മുഹമ്മദ് സലിം മുഖ്യഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി രവികുമാര്‍, ഇന്‍േറണല്‍ വിജിലന്‍സ് ഓഫീസര്‍ ഷാഹുല്‍ ഹമീദ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍. സിന്ധു, ആര്‍ജിഎസ്എ ജില്ലാ പ്രോജക്ട് മാനോജര്‍ എം എസ് വിഷ്ണു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ സുരേഷ് പുത്തന്‍ പറമ്പില്‍, ജിബിന്‍ ബേബി എന്നിവര്‍സംസാരിച്ചു.

അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്കും പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട വിലാസം: ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കോഴിക്കോട് -673 020, വിഷ്ണു എം എസ് -ജില്ലാ പ്രൊജക്റ്റ് മാനേജര്‍, ആര്‍ജിഎസ്എ, കോഴിക്കോട് -9746519075, പദ്മകുമാര്‍ -സീനിയര്‍ ക്ലാര്‍ക്ക്:9037547539

Related Stories

No stories found.
Times Kerala
timeskerala.com