
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തിൽ ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും പൊതുആരോഗ്യവും ഉയർത്തുക രാഷ്ട്രത്തിന്റെ പ്രാഥമിക കർത്തവ്യങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 26.22 ലക്ഷം വിദ്യാർഥികൾക്കാണ് 5 കിലോ വീതം അരി വിതരണം ചെയ്യുന്നത്. ഇതിൽ, 2.06 ലക്ഷം കുട്ടികൾ പ്രീ-പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികൾ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും ഉൾപ്പെടുന്നു. 13,112 മെട്രിക് ടൺ അരിയാണ് ഇതിനായി ആകെ വേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യവകുപ്പിന്റെ സഹകരണത്തോടെയാണ് അരി വിതരണം. വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയാണ് അരി സ്‌കൂളുകളിൽ എത്തിച്ചുനൽകുന്നത്. ഓണാവധി ആരംഭിക്കുന്നതിനു മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സപ്ലൈക്കോയുമായി ചേർന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുണ്ട്. വിതരണത്തിന് സ്‌കൂളുകളിൽ എത്തിച്ചുനൽകുന്ന അരി പി.ടി.എ, സ്‌കൂൾ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദർ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും ഏറ്റുവാങ്ങി കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സ്‌കൂളുകൾ നടത്തണം. വിതരണം പൂർത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.