എറണാകുളം : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ അസംതൃപ്തിയെന്ന് ഉമാ തോമസ് എംഎൽഎ. കേസിൽ ഇരക്ക് നീതി കിട്ടിയില്ല. നീതി കിട്ടുമോയെന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു.
ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്ച സംഭവിച്ചു.പ്രതികൾക്ക് ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു. അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടി പോലും അല്ല ശിക്ഷാ വിധി. സെൻസേഷനൽ കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നതെന്ന് ഉമ തോമസ് കൂട്ടിച്ചേർത്തു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ് ആണ് വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്.