കാസർഗോഡ് : തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്ന് കാസർകോട് പടന്നയിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു. മുസ്ലിം ലീഗിന് സ്വാധീനമുള്ള വാർഡ് കോൺഗ്രസിന് നൽകിയതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു.
പിന്നാലെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളുടെ രാജി. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി.
യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഖമറുദ്ധീൻ പി കെ, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പികെ സി, ട്രഷറർ ജലീൽ ഒരിമുക്ക്, വൈ. പ്രസിഡൻ്റുമാരായ അഷ്ക്കർ പി പി, സയീദ് ദാരിമി, ജോ. സെക്രട്ടറിമാരായ മുഹമ്മദ് തെക്കേക്കാട്, ജംഷാദ് എടച്ചാക്കൈ എന്നിവരാണ് രാജിവെച്ചത്. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറിയത്.
സീറ്റ് വിഭജനത്തെ ചൊല്ലി പടന്നയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടെ ലീഗിന്റെ സിറ്റിങ് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാൻ മുന്നണി തലത്തിൽ ധാരണയായതോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്. ലീഗിന് സ്വന്തം നിലയിൽ ആയിരത്തിൽ പരം വോട്ടുള്ള വാർഡ് ചില ലീഗ് നേതാക്കൾ കോൺഗ്രസിന് അടിയറവെച്ചതായി ആരോപിച്ചും സീറ്റ് വിട്ടുകൊടുത്തതിൽ ശരികേട് ഉന്നയിച്ചും പടന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസ് പ്രവർത്തകർ ഉപരോധിച്ചിരുന്നു. നിലവിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പടന്ന. വാർഡ് വിഭജനത്തിന്റെ ആനുകൂല്യത്തിൽ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. ഇതിനിടയിലാണ് ലീഗിലെ പൊട്ടിത്തെറി.