
തിരുവനന്തപുരം: ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തര്‍ക്കത്തിനൊടുവില്‍ എസ്. ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് മാറ്റി. ഉന്നതരുടെ പോരില്‍ മോട്ടോര്‍വാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെയാണ് കമ്മിഷണറെ മാറ്റിയത്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇരുവരും തമ്മില്‍ ആരംഭിച്ച തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല.
ആന്റണി രാജു മന്ത്രിയായിരുന്ന സമയം, സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതികളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ മുന്നോട്ടുപോയതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അഭിപ്രായഭിന്നയുണ്ടെങ്കിലും ഇരുവരും പരസ്യമാക്കിയിരുന്നില്ല. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി നടന്ന ചര്‍ച്ചയ്ക്കിടയില്‍ മന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ശകാരിച്ചതാണ് തുടക്കം. പിന്നീട് തന്റെ പക്ഷം വിശദീകരിക്കാന്‍ മന്ത്രിയുടെ ചേമ്പറിലെത്തിയ കമ്മിഷണറും മന്ത്രിയും തമ്മില്‍ വാക്കേറ്റമായി.