തിരുവനന്തപുരം: കഴക്കൂട്ടം ജങ്ഷന് സമീപം തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് സമീപത്തെ എസ്.എൻ.ഡി.പി. യോഗം ശാഖാ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർന്നു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു.(Dispute turns violent, Windows of SNDP branch office broken during clash)
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സമീപത്തെ കടയിൽ ഭക്ഷണം കഴിച്ചശേഷം മലപ്പുറം സ്വദേശികളായ മൂന്നുപേരടങ്ങുന്ന സംഘവും തിരുവനന്തപുരം സ്വദേശിയായ ഒരാളും തമ്മിലാണ് വാക്കേറ്റവും അടിപിടിയുമുണ്ടായത്. സംഘർഷത്തിനിടെ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് എസ്.എൻ.ഡി.പി. ഓഫീസിന്റെ ഗ്ലാസ് പൊട്ടിയതെന്നാണ് വിവരം.
സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്റീരിയൽ ജോലികൾക്കായി ശ്രീകാര്യത്ത് താമസിക്കുന്നവരാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.
കസ്റ്റഡിയിലെടുത്തത് മലപ്പുറം സ്വദേശികളായ സിലി (43), കിഷോർ (25), ഷെറിദാസ് (28), പ്രവീൺദാസ് (25) എന്നിവരെയും, തിരുവനന്തപുരം നേമം ഊരൂട്ടമ്പലം സ്വദേശി അരുൺ (41) എന്നയാളെയുമാണ്. കാറിലെത്തിയ സംഘം കഴക്കൂട്ടം ജങ്ഷന് സമീപത്തെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം അരുണുമായുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലെത്തിയത്. ഇവർ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. അടിപിടി തുടങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ കാറുമായി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.