കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എറണാകുളം തൃക്കാക്കര നഗരസഭയിൽ സി.പി.ഐ.എം-സി.പി.ഐ. പോര് രൂക്ഷമാകുന്നു. മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.യുടെ തൃക്കാക്കര സിറ്റി യൂണിറ്റ് ജില്ലാ നേതൃത്വത്തിന് കത്ത് നൽകി.(Dispute over sitting seats, CPM - CPI fight in Thrikkakara)
സി.പി.ഐ.യുടെ രണ്ട് സിറ്റിംഗ് സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണ് മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമായത്. ഇന്നലെ നടന്ന ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടതോടെയാണ് സി.പി.ഐ. കടുപ്പിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന വാർഡ് വിഭജനമാണ് തൃക്കാക്കരയിൽ തർക്കങ്ങൾക്ക് വഴിതുറന്നത്. നഗരസഭയിൽ 48 സീറ്റുകളാണ് ഉള്ളത്. വാർഡ് വിഭജനം വന്നപ്പോൾ നിലവിൽ സി.പി.ഐ.എം. മത്സരിച്ചിരുന്ന ചില വാർഡുകൾ മറ്റു വാർഡുകളായി രൂപാന്തരപ്പെട്ടു.
എന്നാൽ ഈ വാർഡുകൾ നിലവിൽ സി.പി.ഐ.യുടെ കൈവശമിരിക്കുന്ന വാർഡുകളുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ രണ്ട് സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് സി.പി.ഐ.എം. ആവശ്യപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഈ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് സി.പി.ഐ. പ്രാദേശിക നേതൃത്വം. പ്രാദേശിക തലത്തിൽ ഉൾപ്പെടെ പലതവണ ചർച്ച ചെയ്തിട്ടും സി.പി.ഐ.എം. തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി യൂണിറ്റ് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയത്.
ഇന്നലെയും ചർച്ച നടന്നെങ്കിലും തീരുമാനമാകാത്തത് പ്രതിസന്ധി രൂക്ഷമാക്കി. ഇടതുപക്ഷം ഭരണത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന തൃക്കാക്കര നഗരസഭയിൽ മുന്നണിയിലെ പ്രധാന രണ്ട് കക്ഷികൾ തമ്മിൽ നേർക്കുനേർ മത്സരിക്കാനുള്ള സാഹചര്യം ഇതോടെ രൂപപ്പെടുകയാണ്. എങ്കിലും, ജില്ലാതല ചർച്ചകൾ വഴി പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന നേരിയ പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്.