
തിരുവനന്തപുരം: ആഡംബര കാർ ആവശ്യപ്പെട്ട് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയ മകനെ, പ്രകോപിതനായ അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 28 വയസ്സുകാരനായ ഹൃദ്യക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അച്ഛനായ വിനയാനന്ദനെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു. ആക്രമണത്തിനുശേഷം ഒളിവിൽ പോയ വിനയാനന്ദനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്ക് അച്ഛൻ വാങ്ങിക്കൊടുത്തിട്ടും ഹൃദ്യക്ക് ആഡംബര കാർ വേണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ ആക്രമിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നു. പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും ഹൃദ്യക്ക് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.