കോഴിക്കോട്: നടക്കാവിൽ ഹോട്ടലിലെത്തിയ രണ്ട് മദ്യപസംഘങ്ങൾ തമ്മിൽ ബീഫ് ഫ്രൈയുടെ പേരിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഹോട്ടലിലെത്തിയ ഒരു സംഘം, പിന്നാലെ വന്ന മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിനും കൈയാങ്കളിക്കും വഴിവെച്ചത്.(Dispute over beef fry, clash in Kozhikode)
മദ്യലഹരിയിലായിരുന്ന ആദ്യ സംഘം രണ്ടാമത്തെ യുവാക്കളുടെ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. ഇത് രണ്ടാമത്തെ സംഘം നിഷേധിച്ചതോടെ വാക്കുതർക്കം ആരംഭിക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോൾ ഹോട്ടൽ ജീവനക്കാർ ഇടപെട്ട് ഇരുവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ ഇരു സംഘവും റോഡിലിറങ്ങി ഏറ്റുമുട്ടാൻ തുടങ്ങി.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടും ഇരുകൂട്ടരും ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ തയ്യാറായില്ല. സംഘർഷത്തിനിടെ ഒരു യുവാവ് ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. പോലീസെത്തിയാണ് ആംബുലൻസ് വിളിച്ച് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സംഘർഷം കാരണം നടക്കാവിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.