
അങ്കമാലി: കഞ്ചാവ് വിൽപനയെ കുറിച്ച് അഭിപ്രായ ഭിന്നതയെ തുടർന്ന് ഒപ്പമുള്ളവർ ഒറ്റിയതോടെ പിടിയിലായത് ലഹരി വിൽപന സംഘം. പാലപ്രശ്ശേരി തേറാട്ടിക്കുന്നിലെ വാടക വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളായ മൂന്ന് പേരെയാണ് റിമാൻഡ് ചെയ്തത്. പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന 1.280 കിലോ കഞ്ചാവ് കണ്ടെടുത്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെ ചെങ്ങമനാട് പൊലീസാണ് പിടികൂടിയത്.
യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ഏറെ നാളായി ഇവർ കഞ്ചാവ് വിൽപന നടത്തി വരുകയായിരുന്നു. കഞ്ചാവ് വിൽക്കുന്നത് സംബന്ധിച്ച് ഒപ്പം താമസിക്കുന്നവരിലുണ്ടായ അഭിപ്രായ ഭിന്നതയാണ് സംഘം പിടിയിലാകാൻ വഴിയൊരുങ്ങിയത്.