മലപ്പുറം : വളാഞ്ചേരിയില്‍ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വളാഞ്ചേരി വലിയകുന്നില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി കേന്ദ്രത്തിലാണ് സംഭവം.
എടയൂര്‍ സ്വദേശിനിയായ 25കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.വീട്ടിലെത്തിയ യുവതിയുടെ കയ്യിലെ പാട് മാതാവ് ശ്രദ്ധിക്കുകയായിരുന്നു. ആദ്യം ബോള്‍ തട്ടിയതാണെന്നാണ് പറഞ്ഞത്. പൊള്ളലിന്റെ പാടാണെന്ന് മനസ്സിലായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു.
അധ്യാപിക ചൂടുവെള്ളമൊഴിച്ചതാണെന്ന് ഒടുവിലാണ് പറഞ്ഞതെന്ന് മാതാവ് പറഞ്ഞു.രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചതായി യുവതിയുടെ അമ്മ പറഞ്ഞു.അതേ സമയം, ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു. ഓട്ടോറിക്ഷയില്‍വെച്ച് പൊള്ളലേറ്റെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നും അധ്യാപിക വ്യക്തമാക്കി. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.