തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന് താൻ 2017-ൽ തന്നെ പറഞ്ഞിരുന്നതായി മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ പ്രതികരിച്ചു. കേസ് അന്വേഷിച്ച രീതിക്കെതിരെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചു.(Dileep was not accused based on proper evidence, says TP Senkumar)
ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന് 2017-ൽ തന്നെ താൻ പറഞ്ഞതാണ് എന്നും, കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല എന്നും പറഞ്ഞ അദ്ദേഹം, ഒരാളെ പിടികൂടുക, അതിനുശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടത് എന്നും ചോദിച്ചു.
ആദ്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്. അന്വേഷണ തലവനും സംഘവും 'പ്രീ ഡിസ്പോസ്ഡ് കണ്ടീഷനിൽ' ആയിരിക്കരുത്. 'ഓപ്പൺ മൈൻഡോട്' കൂടി വേണം കേസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.