

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടൻ ദിലീപ് (Actress Assault Case). കേസിൽ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്ന പ്രോസിക്യൂഷൻ പരാമർശത്തെ ദിലീപ് കോടതിയിൽ എതിർത്തു. എതിർകക്ഷികളെ രക്ഷിക്കാനാണ് പ്രോസിക്യൂഷൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം. ഹർജികൾ അടുത്ത മാസം 12-ന് വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
വിചാരണാ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതിയുടെ കർശന നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയലക്ഷ്യ ഹർജി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനും ഒരു പ്രമുഖ സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ പരാതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങൾ പുറത്തുവിട്ടത് വിചാരണയെ ബാധിക്കുമെന്നും ദിലീപ് വാദിക്കുന്നു.
അതേസമയം, മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ അതിജീവിത സമയം തേടി. ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ചതിനെതിരെ അഡ്വ. ടി.ബി. മിനിയാണ് പരാതി നൽകിയത്. മുൻപ് ഈ ഹർജി പരിഗണിച്ചപ്പോൾ ഹാജരാകാതിരുന്ന അഡ്വ. ടി.ബി. മിനിക്കെതിരെ കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. കോടതി നടപടികളിൽ അവർ കൃത്യമായി പങ്കെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ഇന്ന് അതിജീവിതയ്ക്കായി ടി.ബി. മിനി കോടതിയിൽ ഹാജരാവുകയായിരുന്നു.
In the ongoing actress assault case, actor Dileep has raised objections against the prosecution in his contempt of court petition. Dileep alleged that the prosecution's stand—claiming no contempt occurred—is intended to protect the opposing parties. The contempt petition was filed by Dileep against investigating officers and a private channel for allegedly violating the court's order to keep trial proceedings confidential. Meanwhile, the survivor sought more time to respond in a separate contempt plea against former DGP R. Sreelekha for her YouTube remarks. The court has posted the petitions for further hearing on the 12th of next month.