തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുമായുള്ള തർക്കം പരിഹരിക്കാൻ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. സുപ്രീംകോടതി നാളെ കേസ് പരിഗണിക്കാനിരിക്കെ, മന്ത്രിമാരായ പി. രാജീവും ഡോ. ആർ. ബിന്ദുവും ഗവർണറെ ലോക്ഭവനിൽ നേരിട്ടെത്തി കാണും.(Digital University VC appointment dispute, State government to meet Governor)
വിസി നിയമന വിഷയത്തിൽ സർക്കാരിനും ഗവർണർക്കും സുപ്രീംകോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. ഇരു കൂട്ടർക്കും സമവായത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ തങ്ങൾ നേരിട്ട് നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. "യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടത്," എന്ന് ജസ്റ്റിസ് ജെ.ബി. പർദ്ദിവാല മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ നൽകിയ പട്ടികയിൽ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവർണറുടെ നീക്കം സുപ്രീംകോടതി നിർദ്ദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ നിയമനത്തിനായി സർക്കാർ നൽകിയ മുൻഗണനാ പട്ടികയിൽ നിന്ന് വിസിമാരെ നിയമിക്കാൻ കഴിയില്ലെന്ന് ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു. സാങ്കേതിക സർവകലാശാലയിൽ സിസ തോമസിന് വിസിയായി നിയമനം നൽകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കെടിയു മിനിറ്റ്സ് രേഖകൾ മോഷണം പോയ കേസിൽ സിസ തോമസ് പ്രതിയാണെന്നും, അവരുടെ നിയമനം തടയണമെന്നുമാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. "സുപ്രീംകോടതി നിർദേശം മറികടക്കാൻ ഗവർണർക്ക് എങ്ങനെ ധൈര്യം വന്നു?" എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.
തർക്കം രൂക്ഷമായതോടെയാണ് കേസിൽ വേഗത്തിൽ ഒരു തീരുമാനത്തിലെത്താൻ സുപ്രീംകോടതി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടത്. കോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ കൂടിക്കാഴ്ച സമവായത്തിലെത്താനുള്ള നിർണായക ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.