

കൊച്ചി : വെർച്വൽ അറസ്റ്റ് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി കസ്റ്റമറുടെ പക്കൽനിന്നും നാലര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘത്തിന്റെ നീക്കം ബാങ്ക് ജീവനക്കാർ സമർത്ഥമായി പരാജയപ്പെടുത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് വൈപ്പിൻ ബ്രാഞ്ചിലാണ് ഈ സമയോചിതമായ ഇടപെടൽ നടന്നത്.(Digital arrest threat, Bank employees foil North Indian gang's attempt to extort money from senior citizen)
ഉച്ചയോടുകൂടി ബാങ്കിലെത്തിയ മുതിർന്ന പൗരനായ അക്കൗണ്ട് ഉടമ അധികമാരോടും സംസാരിക്കാതെ, തന്റെ അക്കൗണ്ടിലുള്ള 4.5 ലക്ഷം രൂപ ആർ.ടി.ജി.എസ്. വഴി ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. വിവരങ്ങളെല്ലാം നൽകിയ ശേഷം അദ്ദേഹം തിരികെപ്പോവുകയും ബാങ്കിന് പുറത്ത് ഭയപ്പാടോടെ നിൽക്കുകയും ചെയ്തു.
ഇടപാടുകാരന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർ പണമയയ്‌ക്കേണ്ട അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു. അത് ഉത്തരേന്ത്യയിലുള്ള അക്കൗണ്ടാണെന്ന് മനസ്സിലാക്കിയതോടെ, പുറത്ത് നിന്ന ഇടപാടുകാരനിൽ നിന്നും അദ്ദേഹം വിവരങ്ങൾ തിരക്കി. രാവിലെ 9 മണി മുതൽ തന്നെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്തിരിക്കുകയാണെന്നും, നിയമനടപടികളിൽ നിന്ന് രക്ഷനേടണമെങ്കിൽ ഉടൻ പണം അയക്കണമെന്നും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത വിവരം പുറത്തു പറയരുതെന്നും അവർ കർശനമായി ആവശ്യപ്പെട്ടിരുന്നു.
പരിഭ്രാന്തനായ ഇടപാടുകാരനെ ആശ്വസിപ്പിച്ച അദ്ദേഹം, ഇത് ഒരു സൈബർ തട്ടിപ്പ് ശ്രമമാണെന്നും സംഘത്തെ കൃത്യമായി പ്രതിരോധിക്കാമെന്നും ബോധ്യപ്പെടുത്തി. തുടർന്ന്, വിശദമായ പരാതി സൈബർ സെല്ലിനും കേന്ദ്രീകൃത സഹായ സംവിധാനമായ 1930 എന്ന നമ്പറിലേക്കും നൽകി. ഇടപാടുകാരന്റെ അക്കൗണ്ട് വിവരങ്ങൾ ബാങ്ക് അധികൃതർ ഇ-ലോക്ക് ചെയ്തു. മാത്രമല്ല, നേരത്തെ മറ്റൊരു ബാങ്കിൽ ഉണ്ടായിരുന്ന 78,000 രൂപ ഇതേ തട്ടിപ്പ് സംഘം കൈക്കലാക്കിയതിനെതിരെ പരാതി നൽകാനും ബാങ്ക് ജീവനക്കാർ അദ്ദേഹത്തെ സഹായിച്ചു. മാനേജരുടെ സമയോചിത ഇടപെടൽ കാരണം കൂടുതൽ തുക നഷ്ടപ്പെടാത്തതിന്റെ ആശ്വാസത്തിലാണ് മുതിർന്ന പൗരൻ ബാങ്കിൽ നിന്ന് മടങ്ങിയത്.