കോഴിക്കോട്: രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നാല് പേരെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ പ്രതികൾ പിടിയിലാകുന്ന ആദ്യ സംഭവമാണിത്. 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.(Digital arrest fraud, 4 Malayalis arrested in Kozhikode)
ഹരിപ്രസാദ് (പാറോപ്പടി സ്വദേശി), ഫാസിൽ (കല്ലായി സ്വദേശി), കെ.വി. ഷിഹാബ് (അത്താണിക്കൽ സ്വദേശി), എ. റബിൻ (മലാപ്പറമ്പ് സ്വദേശി) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ 72-കാരിയുടെ ബാങ്ക് അക്കൗണ്ട്, ആധാർ വിവരങ്ങൾ കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്.
ഇവരുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈ കാനറ ബാങ്കിൽ ആരോ അക്കൗണ്ട് തുടങ്ങിയെന്നും, ആ അക്കൗണ്ട് വഴി നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തുടക്കം. പ്രമുഖ വ്യവസായി നരേഷ് ഗോയലുമായി ബന്ധപ്പെട്ട കേസായതിനാൽ 'ഡിജിറ്റൽ അറസ്റ്റ്' രേഖപ്പെടുത്തിയിരിക്കുകയാണെന്ന് മുംബൈ കൊളാബ പോലീസിന്റെ പേരിൽ സംഘം ഇവരെ ഭീഷണിപ്പെടുത്തി 36 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
പിടിയിലായവർ ഉത്തരേന്ത്യയിലോ വിദേശത്തോ ഉള്ള വലിയ തട്ടിപ്പ് സംഘങ്ങൾക്ക് കേരളത്തിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംഘടിപ്പിച്ചു നൽകുന്നവരാണ്. ഓരോ അക്കൗണ്ടിനും കൃത്യമായ കമ്മീഷൻ ഇവർ കൈപ്പറ്റിയിരുന്നു. തട്ടിപ്പിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള സംഘങ്ങളുണ്ടെന്നാണ് സൈബർ പോലീസിന്റെ നിഗമനം. ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിക്കാൻ പ്രവർത്തിക്കുന്ന വലിയൊരു ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.